കൊച്ചി: പെരുമ്പാവൂരില്‍ ചരിത്ര ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന്. 22001 വോട്ടുകള്‍ക്കാണ് മനോജ് മൂത്തേടന് ലീഡ് ചെയ്യുന്നത്. തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഭയപ്പെടുത്തുകയാണെന്നും ഇനി മുഴുവന്‍ സമയവും പെരുമ്പാവൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജയം ഉറപ്പിച്ചു. ഏഴു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ലീഡ് കൂടി. പെരുമ്പാവൂരില്‍ ഏറ്റവും വലിയ ചരിത്ര ഭൂരിപക്ഷത്തിലേക്കാണ് പോകുന്നത്. ജനങ്ങള്‍ മുഴുവന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് സ്വീകരിച്ചത്. ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടായപ്പോള്‍ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുകയാണ്.
എനിക്ക് സീറ്റ് നല്കിയ പാര്‍ട്ടിയോടും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ എല്ലാവരോടും ദൈവത്തോടും നന്ദി പറയുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി നിര്‍ത്തിയപ്പോള്‍ ആദ്യത്തെ ഒരു ദിവസത്തെ ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും ഒറ്റ കെട്ടായി ഇറങ്ങി.
ആദ്യ ദിവസത്തെ റോഡ് ഷോയോട് കൂടി കളം നമുക്ക് അനുകൂലമായി മാറി. എല്ലായിടത്തും വലിയ സ്വീകാര്യതയുണ്ടായി. അതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത്. വലിയ അംഗീകാരമാണത്. ഇത് എന്നെ ഭയപ്പെടുത്തുകയാണ്. കാരണം ഇത്രയും സ്വീകാര്യത ജനങ്ങള്‍ നല്കിയപ്പോള് മുഴുവന്‍ സമയവും പെരുമ്പാവൂരിന് വേണ്ടി നില്‍ക്കണം എന്ന തീരുമാനത്തിലേക്ക് വരികയാണ്.
മുഴുവന്‍ സമയവും ഇനി പെരുമ്പാവൂരില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ടി നില്ക്കാന് തീരുമാനിച്ച് ഇന്നു മുതല്‍ ഇറങ്ങുകയാണ് എന്ന് മനോജ് മൂത്തേടന് പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില്‍ പോള്‍ ആണ് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.